Monday, July 21, 2008

ചാണക്യനീതി-രണ്ടാമത്തെ അദ്ധ്യായം

സന്തൊഷ്‌ വി എസ്‌ എന്ന ഒരു മാന്യ സുഹൃത്ത്‌ സഹായിച്ച്‌ ചാണക്യനീതിയുടെ രണ്ടാം അധ്യായം ഈ രീതിയില്‍ ആക്കി തന്നു.

അദ്ദേഹത്തിനെ പരിചയപ്പെടുത്താന്‍ പ്രൊഫെയില്‍ നോക്കിയിട്ട്‌ അദ്ദേഹം ഇതുവരെ പ്രൊഫെയില്‍ ഉണ്ടാകിയിട്ടില്ല എന്നാണ്‌ മെസേജ്‌ വരുന്നത്‌

കൃതജ്ഞതയോടുകൂടി

അദ്ധ്യായം 2

അനൃതം സാഹസം മായാ മൂര്‍ഖത്വമതിലോഭിതാ
അശൗചം നിര്‍ദയത്വം ച സ്ത്രീണാം ദോഷാ സ്വഭാവജാഃ

കളളം, സാഹസം, കപടം, വിഡ്ഢിത്തം, അത്യാഗ്രഹം, വൃത്തിയില്ലായ്ക, ദയയില്ലാഴിക ഇവ സ്ത്രീകളുടെ ജന്‍മസിദ്ധമായ ദോഷങ്ങളാണ്.

ഭോജ്യം ഭോജനശക്തിശ്ച രതിശക്തിര്‍വരാംഗനാ
വിഭവോ ദാനശക്തിശ്ച നാല്പസ്യ തപസഃ ഫലം

നല്ലഭക്ഷണപദാണത്ഥങ്ങളും ഭക്ഷണം കഴിക്കാനുളള ശരീരശേഷിയും, സ്ത്രീയും രതിശക്തിയും, സമ്പല്‍സമൃദ്ധിയും ദാനം ചെയ്യാനുളള മനഃസ്ഥിതിയും വളരെ ശക്തമായ തപോഫലമായെ ലഭിക്കൂ.

യസ്യ പുത്രോ വശീഭൂതോ ഭാര്യാ ഛന്ദാനുഗാമിനീ
വിഭവേ യശ്ച സന്തുഷ്ടഃ തസ്യസ്വര്‍ഗ ഇഹൈവ ഹി

അനുസരണയുളള പുത്രനും, ഭാര്യയും, തനിക്കുളളതില്‍ തൃപ്തിയും, സന്തോഷവും ഇവ ഉളളവന്‍െറ സ്വര്‍ഗം ഇവിടെ തന്നെയാണ്.

തേ പുത്രാ യേ പിതുര്‍ഭക്താഃ സഃ പിതാ യസ്തു പോഷകഃ
തന്‍മിത്രം യത്ര വിശ്വാസഃ സാ ഭാര്യാ യത്ര നിര്‍വൃതിഃ

പിതാവില്‍ ഭക്തിയുളളവനാണ് പുത്രന്‍, കുടുംബം പോഷിപ്പിക്കുന്നവനാണ് പിതാവ്, വിശ്വസ്തനാണ് മിത്രം, ശാന്തി തരുന്നവളാണ് ഭാര്യ. ഇൗ ഗുണങ്ങളില്ലാത്തവര്‍ അതാതു പേരുകള്‍ക്കര്‍ഹരല്ല എന്നര്‍ത്ഥം.

പരോക്ഷേ കാര്യഹന്താരം പ്രത്യക്ഷേ പ്രിയവാദിനം
വര്‍ജ്ജയേത്താദൃശം മിത്രം വിഷകുംഭംപയോമുഖം

നമുക്കു മുമ്പില്‍ വച്ച് മധുരവാക്കുകള്‍ പറയുകയും, അല്ലാത്തപ്പോള്‍ നമുക്ക് എതിരായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കൂട്ടുകാരെ ഒഴിവാക്കുക. അവര്‍, നിറയെ വിഷമുളളതും, വായ്ഭാഗത്ത് മാത്രം കാണിക്കാന്‍ വേണ്ടി പാല്‍ വച്ചിട്ടുളളതുമായ കുടം (വിഷകുംഭം) പോലെ അപകടകാരികളാണ്.

ന വിശ്വസേല്‍ കുമിത്രേ ച മിത്രേ ചാതി ന വിശ്വസേത്
കദാചില്‍ കുപിതം മിത്രം സര്‍വം ഗുഹ്യം പ്രകാശയേത്

മേല്‍പറഞ്ഞ തരം ദുഷ്ടമിത്രത്തെ ഒരിക്കലും വിശ്വസിക്കരുത്. നല്ല മിത്രത്തെ പോലും കൂടുതല്‍ വിശ്വസിക്കരുത്, കാരണം എന്തെങ്കിലും കാരണവശാല്‍ ചിലപ്പോള്‍ പിണങ്ങിയാല്‍ അവര്‍ നമ്മുടെ കാര്യങ്ങളൊക്കെ വിളിച്ചു പറഞ്ഞു എന്നു വരാം.

മനസാ ചിന്തിതം കാര്യം വചസാ ന പ്രകാശയേത്
മന്ത്രേണ രക്ഷയേത് ഗൂഢം കാരേ്യ ചാപി നിയോജയേത്

മനസില്‍ വിചാരിക്കുന്ന കാര്യം ആരോടും വാക്കുകൊണ്ട് പറയരുത്. അത് രഹസ്യമായി സൂക്ഷിച്ച് പ്രവൃത്തിയില്‍ കൊണ്ടുവരിക മാത്രമേ ചെയ്യാവൂ.

കഷ്ടം ച ഖലു മൂര്‍ഖത്വം, കഷ്ടം ച ഖലു യൗവനം
കഷ്ടാല്‍ കഷ്ടതരം ചൈവ പരഗേഹേ നിവാസനം

ബുദ്ധിയില്ലാഴിക കഷ്ടമാണ്. യൗവനവും കഷ്ടമാണ്. എന്നാല്‍ മററുളളവരുടെ വീട്ടില്‍ താമസിക്കേണ്ടി വരുന്നത് ഇതിലൊക്കെ കഷ്ടമാണ്.

ശൈലേ ശൈലേ ന മാണിക്യം മൗക്തികം ന ഗജേ ഗജേ
സാധവോ നഹി സര്‍വത്ര ചന്ദനം ന വനേ വനേ

എല്ലാ മലകളിലും മാണിക്യമോ, എല്ലാ ആനകളിലും മുത്തോ, എല്ലായിടത്തും സാധു (സന്യാസി) ക്കളോ, എല്ലാ വനങ്ങളിലും ചന്ദനമോ കാണുകയില്ല.

പുത്രാശ്ച വിവിധൈഃ ശീലൈര്‍യോജയേത്സതതം ബുധൈഃ
നീതിജ്ഞാഃ ശീലസമ്പന്നാഃ ഭവന്തി കുലപൂജിതാഃ

ബുദ്ധിമാന്‍മാര്‍ മക്കളെ നീതിശാസ്ത്രവും, ആചാരമര്യാദകളും പഠിപ്പിക്കണം. കാരണം ഇവയില്‍ മിടുക്കന്‍മാരെയെ ലോകം ആദരിക്കുകയുളളു.

മാതാ ശത്രുഃ പിതാ വൈരീ യേന ബാലോ ന പാഠിതഃ
ന ശോഭതേ സഭാമദ്ധേ്യ ഹംസമദ്ധേ്യ ബകോ യഥാ

ഇൗവിധം വിദ്യ അഭ്യസിപ്പിക്കാത്ത മാതാപിതാക്കള്‍ കുട്ടിയുടെ ശത്രുക്കളാണ്. ആ കുട്ടികള്‍ അരയന്നങ്ങളുടെ മദ്ധ്യത്തിലെ കൊററിയെ പോലെ അവഹേളിതരാകും.

ലാളനാത് ബഹവോ ദോഷാസ്താഡനാത് ബഹവോ ഗുണാഃ
തസ്മാത് പുത്രം ച ശിഷ്യം ച താഡയേന്നതു ലാളയേത്

ലാളിക്കുന്നതിനാല്‍ വളരെ ദോഷങ്ങളും, അടിക്കുന്നതുകൊണ്ട് വളരെ ഗുണങ്ങളും ഉണ്ട്. അതിനാല്‍ മക്കളേയും ശിഷ്യന്‍മാരേയും അടിക്കുകയേ ചെയ്യാവൂ, ലാളിക്കരുത്.

ശേ്ലാകേന വാ തദര്‍ദ്ധേന തദര്‍ദ്ധാര്‍ദ്ധാക്ഷരേണ വാ
അവന്ധ്യം ദിവസം കുര്യാത് ദാനാദ്ധ്യയനകര്‍മഭിഃ

ദാനം, അദ്ധ്യയനം, കര്‍മം ഇവ എല്ലാ ദിവസവും ചെയ്യണം. ദിവസവും ഒന്നോ, ഒരുമുറിയോ, അതിന്‍െറ പകുതിയെങ്കിലും ശേ്ലാകമോ അഥവാ ഒരക്ഷരമെങ്കിലുമോ പഠിച്ചിരിക്കണം.

കാന്താവിയോഗഃ സ്വജനാപമാനോ
രണസ്യ ശേഷഃ കുനൃപസ്യ സേവാ
ദരിദ്രഭാവോ വിഷമാ സഭാ ച
വിനാഗ്നിനാ തേ പ്രദഹന്തി കായം

ഭാര്യാവിയോഗം, സ്വന്തക്കാരില്‍ നിന്നുളള അപമാനം, യുദ്ധത്തില്‍ രക്ഷപെട്ട ശത്രു, ദുഷ്ടനായരാജാവിനെ സേവിക്കേണ്ടി വരിക, ദാരിദ്ര്യം, വിവരം കെട്ട മനുഷ്യരുടെ സഭ ഇവ തീയുടെ സഹായമില്ലാതെ തന്നെ ശരീരം ദഹിപ്പിക്കും.

നദീതീരേ ച യേ വൃക്ഷാഃ പരഗേഹേഷു കാമിനീ
മന്ത്രിഹീനാശ്ച രാജാനഃ ശീഘ്രം നശ്യന്ത്യസംശയം

നദീതീരത്തുളള വൃക്ഷം, മററുളളവരുടെ വീട്ടില്‍ പാര്‍ക്കുന്ന ഭാര്യ, മന്ത്രിയില്ലാത്ത രാജാവ് ഇവര്‍ വളരെ പെട്ടെന്ന് നശിക്കുന്നു.

ബലം വിദ്യാ ച വിപ്രാണാം രാജ്ഞാ സൈന്യം ബലം തഥാ
ബലം വിത്തം ച വൈശ്യാനാം ശൂദ്രാണാം പരിചര്യികാഃ

വിപ്രന്ന് വിദ്യയും, രാജാവിന്ന് സൈന്യവും, വൈശ്യന് ധനവും, ശൂദ്രന് പരിചരണശേഷിയും ബലമാണ്.

നിര്‍ധനം പുരുഷം വേശ്യാ പ്രജാ ഭഗ്നം നൃപം ത്യജേത്
ഖഗാ വീതഫലം വൃക്ഷം ഭുക്ത്വാചാഭ്യാഗതോഗൃഹം

നിര്‍ധനനായ പുരുഷനെ വേശ്യയും, പരാജിതനായ രാജാവിനെ പ്രജകളും, പഴങ്ങളില്ലാത്ത വൃക്ഷത്തെ പക്ഷികളും, വീടിനെ ആഹാരം കഴിച്ച് വയറു നിറഞ്ഞ അതിഥിയും ഉപേക്ഷിക്കും.

ഗൃഹീത്വാ ദക്ഷിണാം വിപ്രാസ്ത്യജന്തി യജമാനകം
പ്രാപ്തവിദ്യാ ഗുരും ശിഷേ്യാദഗ്ധാരണ്യം മൃഗസ്തഥാ

യജ്ഞത്തില്‍ ദക്ഷിണവാങ്ങിയ വിപ്രന്‍ യജമാനനേയും, വിദ്യാഭ്യാസം കഴിഞ്ഞ ശിഷ്യന്‍ ഗുരുവിനേയും, തീപിടിച്ചകാടിനെ മൃഗങ്ങളും ഉപേക്ഷിക്കും.

ദുരാചാരീ ദുരാദൃഷ്ടിര്‍ദുരാവാസീ ച ദുര്‍ജനഃ
യന്‍മൈത്രീ ക്രിയതേ പുംഭിര്‍ന്നരഃ ശീഘ്രം വിനശ്യതി

ദുഷ്ടമായ ആചാരം ഉളളവര്‍, പാപദൃഷ്ടികള്‍, ദുഷ്ടമായ സ്ഥലത്ത് വസിക്കുന്നവര്‍, ദുര്‍ജ്ജനങ്ങള്‍, ഇങ്ങനെയുളളവരുടെ മിത്രങ്ങള്‍ ഇവര്‍ പെട്ടെന്ന് നശിക്കുന്നു.

സമാനേ ശോഭതേ പ്രീതിഃ രാജ്ഞി സേവാ ച ശോഭതേ
വാണിജ്യം വ്യവഹാരേഷു സ്ത്രീ ദിവ്യാ ശോഭതേ ഗൃഹേ

തുല്യരില്‍ സ്നേഹവും, രാജാവിനടുത്ത് സേവാപാടവവും, കച്ചവടത്തില്‍ വൈശ്യത്വവും, വീട്ടില്‍ ദിവ്യയായ സ്ത്രീ വീട്ടിലും ശോഭിക്കുന്നു.






2 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

സന്തൊഷ്‌ വി എസ്‌ എന്ന ഒരു മാന്യ സുഹൃത്ത്‌ സഹായിച്ച്‌ ചാണക്യനീതിയുടെ രണ്ടാം അധ്യായം ഈ രീതിയില്‍ ആക്കി തന്നു.

അദ്ദേഹത്തിനെ പരിചയപ്പെടുത്താന്‍ പ്രൊഫെയില്‍ നോക്കിയിട്ട്‌ അദ്ദേഹം ഇതുവരെ പ്രൊഫെയില്‍ ഉണ്ടാകിയിട്ടില്ല എന്നാണ്‌ മെസേജ്‌ വരുന്നത്‌

കൃതജ്ഞതയോടുകൂടി

Anonymous said...

താങ്കളുടെ മെയില്‍ ഐഡി തരിക. ബാക്കി സഹായിക്കാനാവുമോ എന്നു നോക്കട്ടെ